Wednesday, January 29, 2014

 


എൻ.എസ്. എസ്. ഹിന്ദു കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഒരു കഥകളി സെമിനാര്‍ നടന്നു. കലയുടെ ദേശവും ചരിത്രവും വ്യാകരണവും സൌന്ദര്യശാസ്ത്രവും ചര്‍ച്ച ചെയ്ത സെമിനാര്‍ മികച്ച ഒരനുഭവമായിരുന്നു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജഗദീഷ് ചന്ദ്രന്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ചങ്ങനാശ്ശേരിയില്‍ത്തന്നെയുള്ള വാഴപ്പള്ളി ആണ് അദ്ദേഹത്തിന്റെ സ്വദേശം. വാഴപ്പള്ളി ശാസനം, 12 വര്‍ഷത്തിലൊരിക്കല്‍ അവിടെ കല്‍ക്കുളത്തുകാവില്‍ നടക്കുന്ന ‘മുടിയെടുപ്പ്’ എന്ന അനുഷ്ഠാനം, വാഴപ്പള്ളിയുടെ കഥകളിപാരമ്പര്യം, ആസ്വാദനശീലം എന്നിവ സൂചിപ്പിക്കുന്ന ഒന്നാംതരം ഒരു ആമുഖമാണ് അദ്ദേഹം നല്‍കിയത്.

തുടര്‍ന്നു സംസാരിച്ച ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. ഇ. ബി. സുരേഷ് കുമാര്‍ (Sureshkumar EB) കോട്ടയം കോവിലകത്തിന്റെയും കോട്ടയത്തു തമ്പുരാന്റെയും ചരിത്രം വിശദമായിത്തന്നെ അവതരിപ്പിച്ചു. കോട്ടയത്തു തമ്പുരാനും പഴശ്ശിരാജയും ഒരാളാണെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് ഇരുവരുടെയും ജീവിതകാലങ്ങള്‍ തമ്മില്‍ ഒരു നൂറ്റാണ്ടോളം അകലമുണ്ടെന്ന് ചരിത്രരേഖകളുടെ പിന്‍‌ബലത്തോടെ അദ്ദേഹം സ്ഥാപിച്ചു. കോലത്തുനാടിന്റെ ചരിത്രത്തില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനനിരീക്ഷണവും കൌതുകകരമായിരുന്നു. യൂറോപ്യന്‍ ശക്തികളുടെ ആഗമനം, വ്യാ‍പാരബന്ധങ്ങള്‍, നാട്ടുരാജ്യങ്ങളുടെമേല്‍ അധികാരം നേടാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെക്കൊണ്ട് കലുഷിതമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ കോട്ടയത്തു തമ്പുരാന്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ സാധുജനസംരക്ഷകരും വീരന്മാരും ധര്‍മ്മനിഷ്ഠയുള്ളവരുമായി അവതരിപ്പിച്ചതിന് സവിശേഷമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

മുഖ്യപ്രഭാഷണം നടത്തിയത് രാജകുമാരി എന്‍. എസ്. എസ്. കോളേജ് പ്രിന്‍സിപ്പലും കലാനിരൂപകനുമായ ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍ ( Viswanathan Nair)ആയിരുന്നു. കോട്ടയം കഥകളില്‍ ഗവേഷണബിരുദം നേടിയ അദ്ദേഹം കിര്‍മ്മീരവധം കഥയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവുമെന്തെന്ന് വ്യക്തമാക്കി. അനുഭവം എന്ന നിലയിലും രൂപകം എന്ന നിലയിലും കിര്‍മ്മീരവധം കഥയില്‍ ആദ്യന്തമുള്ള തീയും ചൂടും എന്തെന്ന് കാവ്യാത്മകമായി വിശദീകരിച്ചതാണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഏറ്റവും ശ്രദ്ധേയഭാഗമായി തോന്നിയത്. സിംഹിക മുതലായ കല്പിതകഥാപാത്രങ്ങളുടെ സൃഷ്ടിച്ചുകൊണ്ടും കളരിയുടെ വ്യാകരണവും അരങ്ങിന്റെ സൌന്ദര്യശാസ്ത്രവും രൂപപ്പെടുത്തിക്കൊണ്ടും കിര്‍മ്മീരവധം കഥയില്‍ കോട്ടയത്തു തമ്പുരാന്‍ ആവിഷ്കരിച്ച കലാസങ്കേതങ്ങളുടെയും സാഹിത്യത്തിന്റെയും സ്വഭാവമെന്തെന്ന് അദ്ദേഹം സാമാന്യമായി പറഞ്ഞുവച്ചു.

ചങ്ങനാശ്ശേരി എസ്. ബി. കോളേജ് സംസ്കൃതവിഭാഗം അധ്യാപകനും കഥകളി നടനുമായ ഡോ. ഇ. എന്‍. നാരായണന്‍ ( Narayanan En) കിര്‍മ്മീരവധത്തിന്റെ ആട്ടപ്രകാരത്തെപ്പറ്റിയാണു സംസാരിച്ചത്. ഇതിനായി ഡോ. നാരായണന്‍തന്നെ പ്രധാനകഥാപാത്രമായ ധര്‍മ്മപുത്രരെ അവതരിപ്പിച്ച വീഡിയോയും സംഘാടകര്‍ ഒരുക്കിയിരുന്നു. തന്റെതന്നെ വേഷത്തെ അടിസ്ഥാനമാക്കി സംസാരിക്കേണ്ടി വന്നതിലുള്ള ഒരു വിമുഖത നാരായണന് ഉണ്ടായിരുന്നുവെങ്കിലും കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രരുടെ പാത്രസ്വഭാവം, കഥയുടെ അവതരണക്രമം, അതിനുള്ള സങ്കേതങ്ങള്‍ എന്നിവയെപ്പറ്റി കഥകളി വീഡിയോയുടെ പ്രദര്‍ശനത്തോടൊപ്പംതന്നെ വിശദീകരിച്ചത് ആകര്‍ഷകമായ അനുഭവമായിരുന്നു.

എടുത്തു പറയാനുള്ള മറ്റൊരു കാര്യം തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തില്‍ നടന്ന കഥകളിയുടെ ആ വീഡിയോയെപ്പറ്റിയാണ്. ആര്‍. എല്‍. വി. ദാമോദരപ്പിഷാരടിയില്‍നിന്നു പ്രാഥമികശിക്ഷണം നേടിയ നാരായണനെ ധര്‍മ്മപുത്രരുടെ വേഷം ചൊല്ലിയാടിച്ചത് ശ്രീ. കലാമണ്ഡലം ഇ. വാസുവാണ്. അതുകൊണ്ടുതന്നെ ധര്‍മ്മപുത്രരുടെ അവതരണത്തില്‍ അടുത്ത കാലത്തുണ്ടായ ചില പ്രവണതകളെ നിരാകരിച്ചുകൊണ്ടാണ് നാരായണന്‍ ആ വേഷം അവതരിപ്പിച്ചത്. നിലയുള്ള വേഷം, ഒതുക്കമുള്ള മുദ്രാഭിനയം, മിതത്വം സൂക്ഷിച്ച ഭാവാഭിനയം, സവിശേഷമായ പാത്രബോധം എന്നിവ നാരായണന്റെ വേഷത്തിന്റെ പ്രത്യേകതകളായിത്തോന്നി. ഹരിപ്രിയ നമ്പൂതിരിയുടെ പാഞ്ചാലി, ആര്‍. എല്‍. വി. പ്രമോദിന്റെ ധൌമ്യന്‍, കഥകളി ചെണ്ടകലാകാരനായ ഗോപീകൃഷ്ണന്‍ തമ്പുരാന്റെ മകള്‍ സുഭദ്രാ വര്‍മ്മയുടെ സൂര്യന്‍, കലാമണ്ഡലം കരുണാകരന്റെ മകളും ശിഷ്യയുമായ അഡ്വ. രഞ്ജിനി സുരേഷിന്റെ ശ്രീകൃഷ്ണന്‍ എന്നിവരുടെ അവതരണവും മികച്ചുനിന്നു. കലാമണ്ഡലം ബാബു നമ്പൂതിരിയുടെ സംഗീതം ഈ അവതരണത്തിനു നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. കാലപ്രമാണം ദീക്ഷിച്ചുകൊണ്ടുതന്നെ ഭാവാത്മകവുമായുള്ള ആലാപനം കഥകളി അവതരണത്തിന് സവിശേഷമായ ഭംഗി നല്‍കി. ആര്‍. എല്‍. വി. രാജേഷ് ബാബുവും അര്‍ജ്ജുന്‍ രാജും സഹഗായകരെന്ന നിലയില്‍ ബാബുവിനെ നന്നായി സപ്പോര്‍ട്ട് ചെയ്തു. കലാമണ്ഡലം രാമന്‍ നമ്പൂതിരി ചെണ്ടയില്‍ നല്‍കിയ ഉറച്ച പിന്തുണ വേഷാവതരണത്തില്‍ നാരായണനെ നന്നായി സഹായിച്ചിട്ടുണ്ടാവണം. കലാമണ്ഡലം പ്രകാശിന്റെ മദ്ദളവും വാദനമികവു പുലര്‍ത്തി.

ചുരുക്കത്തില്‍ സംവാദാത്മകമായ ചര്‍ച്ചയും മികച്ച ഒരു രംഗാവതരണവും ചേര്‍ന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനായത് വളരെ സന്തോഷം തരുന്നു. ഇതു പങ്കുവയ്ക്കേണ്ടത് എന്റെ ധര്‍മ്മമായും കരുതുന്നു. 
 
മനോജ് കുറൂർ

No comments:

Post a Comment