Wednesday, December 2, 2015

മാര്‍ഗി സതി അനുസ്മരണം... 2015 ഡിസംബർ 2

കൂടിയാട്ടം കലാകാരി  മാർഗി സതിയെ അരുൺകുമാർ നേപഥ്യ അനുസ്മരിക്കുന്നു.



സര്‍വ്വതും കൂടിയാട്ടത്തിനു സമര്‍പ്പിച്ച്.സമര്‍പ്പണത്തിന്‍റെ മഹാപാരമ്പര്യത്തെ പകര്‍ന്നുതന്ന ഗുരുപരമ്പരകളെ മുഴുവന്‍ ഏകദന്തം എന്ന തന്‍റെ പുതിയചിട്ടപ്പെടുത്തലിലൂടെ നമസ്ക്കരിച്ച് (അരങ്ങില്‍ അതിന് ജീവന്‍കൊടുത്ത് )മാര്‍ഗി സതി വേഷം അഴിച്ചുവെച്ചു.
സമ്പൂര്‍ണ്ണരംഗാവതരണ പരമ്പകരകളിലൂടെ നങ്ങ്യാര്‍കൂത്തിനെ ക്ഷേത്രമതിലിനു പുറത്ത് സ്ഥാപിക്കുന്നതില്‍ നെടുനായികത്വം വഹിച്ച മാര്‍ഗി സതി,അടിയന്തരങ്ങളുടെ നടപ്പുശീലങ്ങളെ ഉപേക്ഷിച്ച് നങ്ങ്യാര്‍കൂത്തിന്‍റെ നിര്‍വ്വഹണഭാഗങ്ങളെ നാടകഭാഗത്തേക്ക് ബന്ധിപ്പിക്കുകകൂടി ചെയ്തു.കൂടിയാട്ടസങ്കേതങ്ങളിലുള്ള വ്യുല്‍പ്പത്തി ഇത്തരമൊന്നിന്‍റെ അവതരണത്തിന് അടിസ്ഥാനംതന്നെയായി പരിണമിക്കുകയായിരുന്നു.
നങ്ങ്യാര്‍കൂത്തില്‍ ഇന്നുകാണുന്ന എല്ലാ പുതിയചിട്ടപ്പെടുത്തലുകളും കടപ്പെട്ടിരിക്കുന്നത് മാര്‍ഗി സതിയുടെ ശ്രീരാമചരിതത്തോടാണ്.ഇതില്‍ നാടകഭാഗത്തിലേക്ക് അവതരണം ബന്ധിപ്പിക്കപ്പെടുന്നുണ്ട്.എന്നാല്‍ നിര്‍വ്വഹണം മാത്രമായുള്ള പുതിയ പരീക്ഷണങ്ങള്‍ക്കും അവര്‍ മടികാട്ടുന്നില്ല.കാമ്പും ജനകീയതയും കലയെ നിലനിര്‍ത്തുവാന്‍ ഏതളവുവരെയാകാം എന്ന് ഈ കലോപാസക കാട്ടിത്തരുന്നുണ്ട്.സിനിമയിലേക്കു ലഭിച്ച ക്ഷണത്തെ നിരസിക്കുമ്പോള്‍ തന്നെ സിനിമയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുവാന്‍ കിട്ടിയ അവസരം വിനിയോഗിക്കുന്നത് ഇതിന്‍റെ ഭാഗമാണ്.
ദക്ഷിണേന്ത്യയിലെ വീരനായിക കണ്ണകിയെ അരങ്ങില്‍ എത്തിച്ചപോലെ ഉത്തരേന്ത്യയിലെ വനിതാകുസുമം ഭക്തമീരയെ യാഥാര്‍ത്ഥ്യമാക്കിയതും ശ്രദ്ധയമായ ചുവടുവെയ്പ്പാണ്.
ഇതിനെല്ലാമപ്പുറം മാര്‍ഗി സതിയില്‍ നിന്നു പഠിക്കാവുന്ന ചിലതുണ്ട്.
വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ ഏതൊരുകലാകാരനേയും കാണുവാനുള്ള മനസ്സ്.അങ്ങനെയാണവര്‍ കലയെ വ്യക്തികള്‍ക്കുമുകളില്‍ പ്രതിഷ്ഠിച്ചത്. അക്കാദമികളില്‍നിന്നു പഠിച്ചിറങ്ങിയ പുതിയ തലമുറയ്ക്ക് വേഷം കെട്ടിയാടുവാന്‍ ഏറ്റവുമധികം അവസരങ്ങള്‍ ലഭിച്ചത് മാര്‍ഗി സതി യുടെ രംഗശ്രീയിലാണെന്നത് അതിനാല്‍ ഒട്ടും ആനുഷംഗികമല്ല.
അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട അന്നുമുതല്‍ അവസാനശ്വാസം വരെ ഈ കലാകാരിക്കൊപ്പം നിലകൊണ്ട കലാ.സജികുമാറിനെ ഏറെ നന്ദിയോടെ ഇതിന്‍റെ മറുപുറത്ത് ഓര്‍മ്മിക്കട്ടെ.
വ്യക്തിവാദത്തിന്‍റെ ക്യാന്‍സര്‍ നന്‍മയെ കെടുത്താത്തിടത്തോളം കാലം മാര്‍ഗി സതി

 നമ്മളെ ഒറ്റയ്ക്കാക്കില്ല.