Wednesday, January 29, 2014

സൈബർ ഇടത്തിലെ പുതുകവിത... ചർച്ചയും അവതരണവും -- 2013 ജനുവരി 8






ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജിലെ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥം ജനുവരി എട്ടാം തീയതി സംഘടിപ്പിച്ച ‘സൈബര്‍ ഇടത്തിലെ പുതുകവിത’ എന്ന പരിപാടിയില്‍ പുതുതലമുറയിലെ ഒരു ഡസനിലേറെ കവികള്‍ ഒത്തുചേര്‍ന്നു. പങ്കെടുത്തവര്‍ പലരും ഇത്തരത്തിലൊന്ന് ആദ്യം എന്നു പറഞ്ഞതു കേട്ടപ്പോള്‍ സംഘാടകര്‍ക്ക് സന്തോഷവും അഭിമാനവും തോന്നിയെന്നത് എടുത്തുപറയാതെ വയ്യ. സൈബര്‍ ഇടത്തില്‍ അടുത്ത സുഹൃത്തുക്കളായ പലരും നേരില്‍ കാണുന്നതുതന്നെ ആദ്യമായിരുന്നു. പങ്കെടുത്ത എല്ലാവരും സൈബര്‍ ഇടവുമായി നടത്തിയ സര്‍ഗാത്മകമായ കൊടുക്കല്‍‌വാങ്ങലുകളും ഈ ഇടം തങ്ങള്‍ക്കു നല്‍കിയ സ്വാതന്ത്ര്യവും സ്വാഭാവികമായ ചില പരിമിതികളുമെല്ലാം സ്വാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുകയും കവിത ചൊല്ലുകയും ചെയ്തു.

ഈ പരിപാടിക്കായി മൂന്നു ദിവസം അവധിയെടുത്ത് വയനാട്ടില്‍‌നിന്നെത്തിയ എത്തിയ വിഷ്ണുപ്രസാദിനോടുള്ള കടപ്പാട് ഒരു നന്ദിവാക്കില്‍ ഒതുക്കുന്നില്ല. സൈബര്‍ കവിതയുടെ ചരിത്രവും അതില്‍ കാലാകാലങ്ങളായി നടന്ന പരീക്ഷണങ്ങളുടെ സ്വഭാവവും വിഷ്ണുപ്രസാദ് വിവരിച്ചു. തുടര്‍ന്നു സംസാരിച്ച നിരഞ്ജന്‍ ചെറുപ്പകാലത്തെ കാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനവും അതിനുവന്ന കാലികമായ പരിവര്‍ത്തനവും സൈബര്‍ ഇടത്തിന്റെ രാഷ്ട്രീയവുമാണ് വിഷയമാക്കിയത്. കുഴൂര്‍ വിത്സണ്‍ സംസാരിക്കുകയും കവിത ചൊല്ലുകയും മാത്രമല്ല പരിപാടിയുടെ മോഡറേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി ഭംഗിയായി നിര്‍വഹിച്ചു. സൈബര്‍ കവിതയെപ്പറ്റി ഗവേഷണം നടത്തുന്ന കണ്ണൂര്‍ മാടായി കോളേജിലെ അധ്യാപിക സിന്ധു കെ. വി. ഈ ഇടത്തിലെ സ്ത്രീസാന്നിധ്യത്തെയും സൌഹൃദങ്ങളെയും പറ്റി സ്വാനുഭവത്തിന് ഊന്നല്‍ നല്‍കി വിവരിച്ചു. സൈബര്‍ ഇടത്തിലെ കവിതകളുടെ ധാരാളിത്തം ചില പ്രതിസന്ധികളും സൃഷ്ടിക്കുന്നു എന്ന എസ് കലേഷിന്റെ അഭിപ്രായം കാര്യമായ ചര്‍ച്ചയ്ക്കു വഴിതുറന്നു.

ഉച്ചതിരിഞ്ഞ് ആദ്യം സംസാരിച്ച സെറീന ബ്ലോഗുകള്‍ മുതല്‍ ഫേസ്‌ബുക്ക് വരെ സ്ത്രീകള്‍ക്കു തുറന്നുകൊടുത്ത വിശാലമായ ആവിഷ്കാരപരിസരത്തെപ്പറ്റിയും സ്ത്രീകവിതയുടെ പ്രസക്തിയെപ്പറ്റിയുമാണു സംസാരിച്ചത്. കവിയും ചിത്രകാരനും ജെ എന്‍ യു വില്‍ ഗവേഷണവിദ്യാര്‍ത്ഥിയും കൂടിയായ സുധീഷ് കോട്ടേമ്പ്രം കേരളത്തില്‍ ഉണ്ടാവില്ല എന്നാണു കരുതിയത്. സുധീഷ് എത്തിച്ചേരുകയും സൈബര്‍ കവിതയെപ്പറ്റി ആഴമുള്ള നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തത് ആഹ്ലാദിപ്പിച്ചു. അക്കാദമികമായ പദാവലികളില്‍നിന്നു വിട്ട് സൈബര്‍ ഇടം തന്നെ കവിതയിലേക്കെത്തിച്ചതെങ്ങനെ എന്നു വിവരിച്ച ഉമാ രാജീവിന്റെ ലളിതവും ജീവിതഗന്ധിയുമായ വിശദീകരണം ഏറെ ആകര്‍ഷകമായി. തന്റെ കവിതയെക്കാള്‍ സൈബര്‍ ഇടത്തില്‍ പരിചയപ്പെട്ട മറ്റു കവിതകളെക്കുറിച്ചു സംസാരിച്ച എം ജി രവികുമാര്‍ പുതുകവിതയുടെ സാധ്യതകളും പ്രതിസന്ധികളുമെന്തെന്നു വ്യക്തമാക്കി. തൊണ്ണൂ‍ൂറുകളില്‍നിന്ന് പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ കവിതയ്ക്ക് എന്തു സംഭവിച്ചു എന്നാണ് എം ആര്‍ വിഷ്ണുപ്രസാദ് സംവാദാത്മകമായി അന്വേഷിച്ചത്. അക്കാദമിക് ജാര്‍ഗണുകള്‍ ഒഴിവാക്കിക്കൊണ്ട് എ ഹരിശങ്കര്‍ കര്‍ത്താ പുതുകവിതയുടെ ആവിഷ്കാരപരിസരത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ സരസമായി പങ്കുവച്ചു. കോളേജിലെ മലയാളം എം എ വിദ്യാര്‍ത്ഥിയും സമീപകാലത്ത് സൈബര്‍ ഇടത്തില്‍ ശ്രദ്ധേയനുമായ രാഹുല്‍ ഗോവിന്ദും സ്വന്തം കവിത അവതരിപ്പിച്ചു.

രാഷ്ട്രദീപികയുടെ എഡിറ്ററും കവിയുമായ സന്ദീപ് സലിം ഈ പരിപാടിയോട് ആത്മാര്‍ത്ഥമായിത്തന്നെ സഹകരിച്ചു. പങ്കെടുത്തവരെല്ലാം സ്വന്തം കവിതകള്‍ ചൊല്ലിയത് പുതുകവിതയുടെ സ്വഭാവവും അതിന്റെ വൈവിധ്യവുമെന്തെന്നറിയാന്‍ ഏറെ സഹായകമായി. യാദൃച്ഛികമായി എത്തിച്ചേര്‍ന്ന എസ് കണ്ണനും സ്വന്തം കവിത അവതരിപ്പിച്ചു. മലയാളവിഭാഗം മേധാവി എസ്. രാജലക്ഷ്മി നന്ദി പറഞ്ഞു.

ഡി സി ബുക്സ് പ്രസിദ്ധീകരണവിഭാഗം മാനേജര്‍ എ വി ശ്രീകുമാര്‍, സൈബര്‍ ഇടത്തിലെ സജീവസാന്നിധ്യമായ ജിക്കു വര്‍ഗീസ്, എസ്. ബി കോളേജില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ പരിപാടിയെക്കുറിച്ചറിഞ്ഞ് എത്തിച്ചേര്‍ന്നവര്‍ പലരുമുണ്ട്. കിലുക്കാംപെട്ടി എന്ന ബ്ലോഗിലൂടെ ഇ ഇടത്തിൽ ശ്രദ്ധേയയായ ഉഷാശ്രീയുടെ മുഴുവൻ സമയ സാന്നിധ്യവും ഉണ്ടായിരുന്നു. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകരും പരിപാടിയില്‍ പലപ്പോഴായി പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ജഗദീഷ് ചന്ദ്രന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കിയ ഒരാള്‍ മലയാളവിഭാഗം അധ്യാപകനായ ബി രവികുമാറാണ്. പങ്കെടുത്തവര്‍ക്ക് ആതിഥ്യം നല്‍കിയ ചരിത്രവിഭാഗം അധ്യാപകന്‍ ഇ ബി സുരേഷ് കുമാറിനെ ഔപചാരികമായ നന്ദിപ്രകടനത്തില്‍നിന്ന് ഒഴിവാക്കുകയല്ലാതെ നിവൃത്തിയില്ല.

ബ്ലോഗ് തുടങ്ങാനും തങ്ങള്‍ എഴുതിയത് സൈബര്‍ ഇടത്തില്‍ പങ്കുവയ്ക്കാനുമുള്ള സാധ്യതകള്‍ വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ അന്വേഷിച്ചതിന്റെ ആവേശം മാത്രം കണക്കിലെടുത്താല്‍ ഒരു പകല്‍ നീണ്ട ഈ പരിപാടി നല്‍കിയ ഊര്‍ജ്ജമെന്തെന്നു വ്യക്തമാകും. പരിപാടി ആരംഭിച്ചപ്പോഴുണ്ടായ സന്തോഷം അത് അവസാനിക്കുമ്പോഴേക്കും പല മടങ്ങു വലുതായി എന്നുമാത്രം പറയട്ടെ.

മനോജ് കുറൂർ

No comments:

Post a Comment