Saturday, February 28, 2015

ത്രിദിനദേശീയ സെമിനാർ 2015 ഫെബ്രുവരി 26,27, & 28


ഉദ്ഘാടനം -   ഡോ. ബാബു സെബാസ്റ്റ്യൻ, വൈസ് ചാൻസലർ



രംഗകലയും സാഹിത്യവും ദേശീയ സെമിനാര്‍ 


അങ്ങനെ കോളേജ് കലാലയമായി

കലാശാല, കലാലയം എന്നൊക്കെയാണ് കോളേജിനെ മലയാളത്തില്‍ പറയാറുള്ളത്. ഈ വിളിപ്പേരിനു കാരണമറിയില്ല. സാധാരണ പറയുന്ന അര്‍ത്ഥത്തിലുള്ള കലയും ഇന്നത്തെ കലാലയവുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ് തോന്നാറുള്ളത്. സാഹിത്യവും കലയും പാഠ്യപദ്ധതിയുടെ ഭാഗമായി കൈകാര്യം ചെയ്യാറുണ്ടെന്നതു ശരിതന്നെ. എങ്കിലും അതിനു പരിമിതികളേറെയുണ്ട്. സോദാഹരണപ്രഭാഷണവും കലാവതരണവും കലാപ്രവര്‍ത്തകരുടെ പങ്കാളിത്തവുമൊക്കെയുണ്ടാവുമ്പോഴാണ് കലയ്ക്കു ജീവനുണ്ടാവുക. തൊഴിലിന്റെ ഭാഗമായി കലയെക്കുറിച്ചു സംസാരിക്കുന്ന പതിവുപരിപാടിക്കപ്പുറം കലയുടെ ജീവന്‍ തിരിച്ചുകിട്ടുന്നത് നിറഞ്ഞ സന്തോഷത്തോടെ അനുഭവിക്കുകയായിരുന്നു ഇന്നലെയും ഇന്നും.

ഇന്നലെയും ഇന്നും നാളെയുമായി ചങ്ങനാശ്ശേരി എന്‍ എസ് എസ് ഹിന്ദു കോളേജില്‍ മലയാളവിഭാഗത്തിന്റെ സാഹിത്യസാംസ്കാരികവേദിയായ പ്രജ്ഞാപഥത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറിനെക്കുറിച്ചാണു പറഞ്ഞുവന്നത്. 'രംഗകലയും സാഹിത്യവു'മാണ് വിഷയം. ഇന്നലെ രാവിലെകോളേജ് ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ നിലത്തു കളമെഴുത്തും പാട്ടിനുള്ള വലിയൊരു കളം. കോളേജിലെ ജീവനക്കാരന്‍കൂടിയായ വാഴപ്പള്ളി പി കെ ശ്രീകുമാറാണ് മനോഹരമായ കളമെഴുതിയത് എന്നറിഞ്ഞപ്പോള്‍ അദ്ഭുതവും സന്തോഷവും ഇരട്ടിച്ചു. അപ്പോഴേക്കും സോപാനസംഗീതകലാകാരനായ കാവാലം വിനോദ് കുമാര്‍ എത്തി. ചലച്ചിത്രഗാനരചയിതാവും സുഹൃത്തുമായ ബി ആര്‍ പ്രസാദ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ വിനോദ് കുമാറിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അര മണിക്കൂറോളം സംസാരിക്കുകയും ചെയ്തിരുന്നു. സോപാനസംഗീതത്തിനുപയോഗിക്കുന്ന രാഗങ്ങളെക്കുറിച്ച് അവയുടെ സ്വരഘടനയുള്‍പ്പെടെ അദ്ദേഹം അന്നു പറഞ്ഞുതന്നപ്പോള്‍ മുതല്‍ നേരിട്ടു പരിചയപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു. സോപാനസംഗീതം എന്നു പറയാറുണ്ടെങ്കിലും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചു ധാരണയുള്ളവര്‍തന്നെ കുറവാണ്. രാഗലക്ഷണവും രാഗവ്യത്യാസവുമൊക്കെ ഇന്ന് ഇതുപോലെ മറ്റാര്‍ക്കെങ്കിലും അറിയുമോ എന്നുതന്നെ സംശയമാണ് എന്നുകൂടി ഓര്‍മ്മിച്ചാലേ ഈ ചെറുപ്പക്കാരന്റെ പ്രസക്തി മനസ്സിലാവുകയുള്ളു. കളമെഴുതുന്നതില്‍ ശ്രീകുമാറിനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ച് വിനോദ് കുമാര്‍ വാചാലനാവുകയും ചെയ്തു. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു നില്ക്കുമ്പോഴേക്കും ഉദ്ഘാടനസമ്മേളനം തുടങ്ങിയിരുന്നു.

മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി, കോളേജ് പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ പിള്ള, സിന്‍ഡിക്കേറ്റ് അംഗം കെ വി നാരായണക്കുറുപ്പ്, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകൃഷ്ണന്‍ വായ്പൂര് എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ എം. ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കളത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്കാനാദത്തിന്റെ അകമ്പടിയോടെ നിലവിളക്കു തെളിഞ്ഞു. വിനോദ്കുമാര്‍ കളമെഴുത്തിന്റെ പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന്, അനുഷ്ഠാനകലയുടെ മാന്ത്രികമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനപ്രസംഗം.

അപ്പോഴേക്കും മുഖ്യപ്രഭാഷകനായ കടമ്മനിട്ട വാസുദേവന്‍ പിള്ള വന്നുചേര്‍ന്നു.  സാറിനെ കാണുമ്പൊഴേ ഘനഗംഭീരശബ്ദത്തിലുള്ള പടയണിപ്പാട്ടിന്റെ വരികളും അവയുടെ ഈണവുംകൊണ്ടു മനസ്സു നിറയും. 'കാളുംതീയെരിന്ത കണ്ണില്‍' എന്നോ 'അര്‍ണോജമൂലപ്പൊരുളായ പന്ത'മെന്നോ ഒക്കെ നമ്മളും മൂളിപ്പോകും. വര്‍ഷങ്ങളായി പരിചയമുണ്ട്. പന്തളം കോളേജില്‍ സഹപ്രവര്‍ത്തകനായിരുന്നപ്പോള്‍ പലയിടങ്ങളില്‍ ഒരുമിച്ചു സംസാരിക്കാന്‍ പോയിട്ടുണ്ട്. കലാസംബന്ധിയായ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അങ്ങോട്ടുള്ള സ്നേഹബഹുമാനങ്ങളും ഇങ്ങോട്ടുള്ള വാത്സല്യവും ഒട്ടും കുറവില്ലെന്നു മാത്രം. ചൂട്ടുപടേണി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും ഗോത്രകലാപീഠമെന്ന പടയണിക്കളരിയുടെ ഭാരവാഹിയുമൊക്കെയായ ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ഡോ. ബി. രവികുമാറിനുമുണ്ട് അദ്ദേഹവുമായി അടുത്ത ബന്ധം. വാസുദേവന്‍ പിള്ള സാര്‍ പതിവുപോലെ സംസാരിച്ചുതുടങ്ങി.

'ഫണിഗണമണിയുന്നോരീശ്വരന്റുണ്ണിയാകും...' കാലന്‍കോലത്തിന്റെ അവതരണത്തിനുള്ള ശ്ലോകമാണ്. മാര്‍ക്കണ്ഡേയചരിതം കഥയും കാലന്‍കോലത്തിന്റെ അവതരണപരമായ പ്രത്യേകതകളും താളത്തിന്റെ കണക്കുകളും നെഞ്ചത്തു പന്തം കുത്തിയ കടമ്മനിട്ടക്കവിതയും ദ്രാവിഡത്തനിമയുടെ അന്വേഷണവുമൊക്കെയായി അദ്ദേഹം  ഒരു പടയണിക്കളത്തിന്റെയോ കളരിയുടെയോ സാംസ്കാരികാന്തരീക്ഷംതന്നെ സൃഷ്ടിച്ചു.

അപ്പോഴേയ്ക്കും അടുത്ത അവതരണത്തിനായി കുറ്റൂര്‍ ഭൈരവി പടയണിസംഘം തയ്യാറായിക്കഴിഞ്ഞിരുന്നു. വാസുദേവന്‍ പിള്ള സാര്‍ കാലന്‍കോലത്തെക്കുറിച്ചാണു സംസാരിച്ചതെങ്കില്‍ പടയണിയെന്ന കലയെ ആകെ പരിഗണിച്ചുകൊണ്ടാണ് പ്രസന്നകുമാര്‍ തത്വമസിയും സംഘവും സോദാഹരണപ്രഭാഷണം അവതരിപ്പിച്ചത്. ഓരോ പാട്ടിന്റെയും ഈണത്തിലും താളത്തിലുമുള്ള പ്രത്യേകതകള്‍ പാട്ടുകള്‍ പാടിത്തന്നെ ലളിതമായി അവതരിപ്പിച്ച ഈ സെഷന്‍ പടയണിയുടെ അന്തരീക്ഷം നിലനിര്‍ത്തി. തപ്പുകൊട്ടിയ ശ്രേയസ്സ് ഈ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായതുകൊണ്ട് ആ പരിഗണനയോടെയാണ് തപ്പുകൊട്ടു കേട്ടുതുടങ്ങിയത്. നാദത്തിനു തെളിച്ചവും കൊട്ടിന് ഉറപ്പുമുള്ള ഒന്നാംതരം വായന. ശ്രേയസ്സ് കോലം തുള്ളാനും മിടുക്കനാണ്. പിന്നീടു പുറത്തുവെച്ചു കണ്ടപ്പോള്‍ ചെണ്ടയും പഠിച്ചിട്ടുണ്ടെന്നറിഞ്ഞു.

ഉച്ച കഴിഞ്ഞ് സെമിനാറിന്റെ അടുത്ത ഭാഗം. തുള്ളല്‍ക്കലയിലെ ഇതിഹാസമായിരുന്ന മലബാര്‍ രാമന്‍ നായരുടെ സഹോദരപുത്രനും കേരളകലാമണ്ഡലം അധ്യാപകനും പ്രശസ്തതുള്ളല്‍ കലാകാരനുമായ കലാമണ്ഡലം പ്രഭാകരന്റെ സോദാഹരണപ്രഭാഷണം. ഓട്ടന്‍-ശീതങ്കന്‍-പറയന്‍ തുള്ളലുകളുടെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. വേഷം, താളം, ചുവടുകള്‍ എന്നിവയില്‍ ഓരോ തുള്ളലിനുമുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ മകളും എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയുമായ പ്രവീണയും കൂടെക്കൂടി. പ്രവീണ മികച്ച തുള്ളല്‍ കലാകാരി കൂടിയാണ്. അച്ഛന്‍ പറയുന്നത് അഭിനയിച്ചു കാണിക്കുമ്പോഴും ഇടയ്ക്ക് അച്ഛന് അങ്ങോട്ടു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോഴുമൊക്കെ പ്രവീണ ഒരു ഓമനപ്പുത്രിയാകുന്നത് കൌതുകമുള്ള കാഴ്ചയായിരുന്നു. മൃദംഗം വായിച്ചത് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പ്രഭാകരനായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കലാകുടുംബസംഗമം!

തുടര്‍ന്ന് അരുണ്‍ ആര്‍ കുമാര്‍ കല്യാണസൌഗന്ധികം കഥ ശീതങ്കന്‍ തുള്ളലായിത്തന്നെ അവതരിപ്പിച്ചു. കലാമണ്ഡലം പ്രഭാകരന്‍ പിന്നണിയില്‍ പാടി. പാട്ടും അഭിനയവും താളപ്പിടിപ്പും സാരസ്യവുംകൊണ്ട് മികച്ച അവതരണമായിരുന്നു അരുണിന്റേത്.

അങ്ങനെ സെമിനാറിന്റെ ഒന്നാം ദിനം കഴിഞ്ഞു. സന്ധ്യയായി. പ്രഭാതമായി. ഇനി രണ്ടാം ദിവസം.

രാവിലെ കോളേജിലെത്തുമ്പോള്‍ കാവാലം നാരായണപ്പണിക്കര്‍ സാര്‍ നേരത്തെതന്നെ എത്തിയിട്ടുണ്ട്. അടുത്തുചെന്നു പരിചയം പുതുക്കി. പത്തു മണി മുതല്‍ തന്റെ സോപാനത്തിലെ കലാകാരന്മാരുടെ സഹകരണത്തോടെ നാടകത്തിന്റെ പാഠവും രംഗപാഠവും എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം. നാട്യശാസ്ത്രം മുതല്‍ ജാപ്പനീസ് തീയേറ്റര്‍ വരെ നീളുന്ന വായനയുടെയും രംഗവൃത്തിയുടെയും അനുഭവങ്ങള്‍. രസസിദ്ധാന്തവും സാധാരണീകരണവും ഇതര പൌരസ്ത്യരംഗവേദികളിലെ സങ്കേതങ്ങളുമൊക്കെ വിശദീകരിച്ച് പ്രൌഢമായ അവതരണം. പാശ്ചാത്യനാടകസങ്കല്പങ്ങളാണ് ഇവിടുത്തെ നാടകത്തിന്റെ വേരറുത്തുകളഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഭാസന്റെ മധ്യമവ്യായോഗത്തിലെ ചില ഭാഗങ്ങള്‍ സോപാനം കലാകാരന്മാര്‍ അവതരിപ്പിച്ചു കാണിച്ചു. അവര്‍ കാവാലത്തിന്റെ രചനകള്‍ ആലപിക്കുകയും ചെയ്തു.

തുടര്‍ന്ന് കാവാലം നാടകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനമായിരുന്നു. അതിന്റെ സംവിധായകനായ ശിവമോഹന്‍ തമ്പി ആമുഖമായി സംസാരിച്ചു. കാവാലം നാടകങ്ങളിലുപയോഗിക്കുന്ന സങ്കേതങ്ങളുടെയും അവതരണക്രമത്തിന്റെയും സവിശേഷതകള്‍ ദൃശ്യങ്ങളിലൂടെയും കാവാലത്തിന്റെതന്നെ വിശദീകരണത്തിലൂടെയും വ്യക്തമാക്കുന്ന തരത്തിലുള്ള മികച്ച കലാസൃഷ്ടിയാണ് Spacial Rhythm എന്നു പേരുള്ള ആ ഡോക്യുമെന്ററി. ചടുലമായ ദൃശ്യവിന്യാസവും കാവാലം നാടകങ്ങളിലൂടെ അഭിനയരംഗത്തുവന്ന നെടുമുടി വേണു ഉള്‍പ്പെടെയുള്ളവരുടെ നാടകാവതരണവുമൊക്കെയായി അര്‍പ്പണബോധത്തോടെ ചെയ്ത ഡോക്യുമെന്ററി കണ്ടു സമയം നീങ്ങിയതുതന്നെ അറിഞ്ഞില്ല.

ഉച്ച കഴിഞ്ഞ് സെമിനാര്‍ കഥകളിപ്പദങ്ങള്‍ക്കു വഴിമാറി. കഥകളിസംഗീതത്തിലെ ഭാവാവിഷ്കരണത്തെക്കുറിച്ചു സംസാരിച്ചത് ഈ കോളേജില്‍ ദീര്‍ഷകാലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച്, ഇപ്പോള്‍ പന്തളം കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയ ഡോ. കെ എന്‍ വിശ്വനാഥന്‍ നായരാണ്. ഒരേ രാഗം പല പദങ്ങളില്‍ വിവിധഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നും അതില്‍ താളങ്ങളുടെയും കാലപ്രമാണത്തിന്റെയും പങ്കെന്ത് എന്നും അദ്ദേഹം പാടിത്തന്നെ വ്യക്തമാക്കുന്നതു കണ്ടപ്പോള്‍ അദ്ഭുതം തോന്നി.

തുടര്‍ന്ന് കഥകളിപ്പദമാലിക. കലാനിലയം രാജീവന്‍, ശ്രീരാഗ് വര്‍മ്മ എന്നിവരാണു പാടിയത്. ഇരുത്തംവന്ന പാട്ടാണ് രാജീവന്റേതെന്ന് കഥകളിയാസ്വാദകര്‍ക്കറിയാം. ശ്രീരാഗ് നല്ല പിന്തുണ നല്കി. കലാമണ്ഡലം അച്യുതവാര്യരായിരുന്നു മദ്ദളത്തിന്. ചെണ്ടയുമായി കൂടെക്കൂടാന്‍ എനിക്കും അവസരം കിട്ടി. ചരിത്രവിഭാഗം അധ്യാപകനും നല്ലൊരു ആസ്വാദകനുമായ ഡോ. ഇ ബി സുരേഷ് കുമാര്‍ ഓരോ പദത്തിനും മുമ്പ് കഥാസന്ദര്‍ഭം, സാങ്കേതികമായ പ്രത്യേകതകള്‍ തുടങ്ങിയവയെക്കുറിച്ച് ആമുഖം നല്കിയത് കുട്ടികള്‍ക്ക് ആസ്വാദനം സുഗമമാക്കി.

അങ്ങനെ രണ്ടാം ദിനവും കഴിഞ്ഞു. ഡോ. ഇന്ദുലേഖയാണ് ഓരോ സെഷന്റെയും അനൌണ്‍സ്മെന്റിന്റെ ചുമതല ഏറ്റെടുത്തത്. മലയാളവിഭാഗം അധ്യക്ഷ ഡോ. രാജലക്ഷ്മി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെനിന്നു. മലയാളവിഭാഗത്തിലെ മറ്റദ്ധ്യാപകരും സംസ്കൃതവിഭാഗത്തിലെ കെ. ആര്‍ നാരായണനും ഓരോ സെഷന്‍ വീതം മോഡറേറ്റ് ചെയ്തു. കുട്ടികള്‍ ഓരോ സെഷനും വിലയിരുത്തി നന്ദി പറഞ്ഞു. നാളെ വിവിധകോളേജുകളിലെ അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധാവതരണങ്ങളാണ്.

അങ്ങനെയാണ് കലകളിലൂടെത്തന്നെ ഈ കോളേജ് കലാലയമായത്. ഏതോ പൂരപ്പറമ്പിലാണു ഞാനെന്നാണ് ഈ രണ്ടു ദിവസവും കരുതിയത്. കുട്ടികളെല്ലാവരും വലിയ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ ഇതിത്രയ്ക്കു ഭംഗിയാകുവാന്‍ എല്ലാവരുടെയും സഹകരണംതന്നെയാണ് പ്രധാനകാരണം എന്നു തിരിച്ചറിയുന്നു. എങ്കിലും രണ്ടുപേരെ എടുത്തു പറയാതെ വയ്യ. ഒന്ന് തീര്‍ച്ചയായും സെമിനാര്‍ കോ- ഓര്‍ഡിനേറ്ററായ ജയകൃഷ്ണന്റെ തുടര്‍ച്ചയായ അധ്വാനമാണ്. ഓരോ കാര്യവും ജയകൃഷ്ണന്‍ നയചാതുരിയോടെ ശ്രദ്ധിച്ചു നടപ്പാക്കുന്നു. മറ്റൊന്ന് നോട്ടീസ് അടിക്കുന്നതിനുമുതല്‍ അതിഥികളെ സ്വീകരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വരെ എന്തിനും ഏതിനും കുട്ടികളെക്കാള്‍ ഉത്സാഹത്തോടെ സെമിനാര്‍ നടത്തിപ്പിനായി ഓടിനടക്കുന്ന രവി സാറിന്റെ സഹായവും. മലയാളവിഭാഗത്തിലെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെയും മറ്റു കോളേജുകളിലെയും അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍...... എല്ലാവരുടെയും സഹകരണം കാണുമ്പോള്‍ സന്തോഷം തോന്നുന്നു.  ഈ രണ്ടു ദിവസം കലാലയത്തില്‍ സംഭവിച്ചതിന് ഔദ്യോഗിക ചുമതലയൊന്നുമില്ലെങ്കിലും എനിക്കു നന്ദി പറയാതെവയ്യ! കാരണമുണ്ട്. സ്വാഭാവികമായും മേല്പറഞ്ഞ വിശിഷ്ടാതിഥികളുടെ സാന്നിധ്യമാണ് ഒന്ന്. അവരുടെ മൂല്യത്തെപ്പറ്റി കലാരംഗം ശ്രദ്ധിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലൊ. മറ്റൊന്ന് ഈ കോളേജില്‍നിന്നുതന്നെയുള്ള കലാപ്രവര്‍ത്തകരുടെ പങ്കാളിത്തമാണ്. അവരവരുടെ മേഖലയില്‍ ശ്രദ്ധേയരാണെങ്കിലും അവരില്‍ പലരുടെയും കലാപ്രകടനം ഞാന്‍ നേരില്‍ കാണുന്നത് ആദ്യമായാണ്. അതിനാണ്  ഒട്ടും മാറ്റു കുറയാത്ത ഒരു സ്പെഷ്യല്‍ നന്ദി!

മനോജ് കുറൂര്‍
















Thursday, February 26, 2015

അപര്‍ണ്ണയ്ക്ക് അനുമോദനം

എം.എ. മലയാളം പരീക്ഷയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അപര്‍ണ്ണയ്ക്ക്
മലയാളകുടുംബ ത്തിന്‍റെ ഉപഹാരം 
വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ സമ്മാനിക്കുന്നു.

Thursday, February 5, 2015

നാഷണൽ സെമിനാർ.... 2015 ഫെബ്രുവരി 26, 27,& 28




പ്രബന്ധങ്ങൾ ക്ഷണിക്കുന്നു


ചങ്ങനാശ്ശേരി എൻ‍.എസ്.എസ്.ഹിന്ദു കോളജ് മലയാളവിഭാഗത്തിൻറെ 

ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 26, 27, 28 തീയതികളിൽ
 യു.ജി.സിയുടെ ധനസഹായത്തോടെ 
രംഗകലയും സാഹിത്യവും 
എന്ന വിഷയത്തിൽ ത്രിദിനദേശീയസെമിനാർ സംഘടിപ്പിക്കുന്നു. അക്കാദമിക് രംഗത്തെയും കലാരംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറിൽപ്രബന്ധങ്ങൾ അവതരിപ്പിക്കാന്താല്പര്യമുള്ള അദ്ധ്യാപകരും ഗവേഷകരും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽഫെബ്രുവരി 10 നു മുമ്പ് ബന്ധപ്പെടുക. പ്രബന്ധസംഗ്രഹം ലഭിക്കേണ്ട അവസാനതീയതി 
ഫെബ്രുവരി 20